2010, നവംബർ 13, ശനിയാഴ്‌ച

ഒരു ചെരുപ്പിന്റെ വില...

ദിനേശന്‍. 21 വയസ്സ്. ജീവിതപ്രാരാബ് ധങ്ങള്‍ വളരെ ചെറുപ്പത്തിലെ തലയില്‍ ചുമക്കേണ്ടി വന്ന ഒരു യുവ ഭൌതികശാസ്ത്രബിരുദധാരി. പഠിച്ചിറങ്ങി അധികകാലം കാത്തുനില്‍ക്കേണ്ടി വന്നില്ല. അതിനുമുന്‍പ് തന്നെ നാട്ടില്‍തന്നെ അയാള്‍ ഒരു ജോലി അയാള്‍ സമ്പാദിച്ചു. 'സമ്പാദിച്ചു' എന്നു പറയുന്നതിലും ഭേദം 'സ്വരുക്കൂട്ടി' എന്നു പറയുന്നതാവും ഉചിതം. കാരണം അതയാളുടെ ആവശ്യമായിരുന്നു. അയാളുടെ കുടുംബത്തിലെ സ്ഥിതി അതായിരുന്നു. ഇപ്പോള്‍ അയാളുടെ അച്ഛന് തീരെ വയ്യാണ്ടായിരിക്കുന്നു. അച്ഛന് തണലായി അമ്മ ഇപ്പോള്‍ വീട്ടില്‍ തന്നെയാണ്. മൂന്നു മനുഷ്യജീവിതങ്ങള്‍ മുന്നോട്ട് തള്ളിനീക്കണമെങ്കില്‍ വെറുതെയിരുന്നാല്‍ നടക്കില്ലെന്ന് അയാള്‍ക്കറിയാമായിരുന്നു. അതിനയാള്‍ കണ്ടുപിടിച്ച മാര്‍ഗം അയാളുടെ കാഴ്ചപ്പാടില്‍ ലളിതവും മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ ലജ്ജാവഹവുമായിരുന്നു. കാരണം ഇരുപത്തിയൊന്നു വയസ്സുവരെ വിദ്യയുടെ പിറകെനടന്ന ദിനേശന്‍ ഇനി മുന്നോട്ടു പോകാന്‍ ജനങ്ങളുടെ support കൂടിയേതീരു എന്ന് മനസ്സിലാക്കി, അച്ഛന്റെ സ്വന്തം ജോലിയായിരുന്ന ചെരുപ്പുകുത്താണ് തിരഞ്ഞെടുത്തത് . അതും താന്‍ പഠിച്ചിറങ്ങിയ അതേ കലാലയത്തിനു മുന്‍പില്‍...

വാശിയായിരുന്നു അയാള്‍ക്ക്. ജീവിതത്തോടുള്ള വാശി. അതിനുവേണ്ടി അയാള്‍ കാലത്തിനെയും ചുറ്റുപാടിനെയും മറന്നു. ഏതു ജോലിക്കും അതിന്റേതായ അന്തസ്സുണ്ടെന്ന സത്യം ഉറക്കെപ്പറയാതെ തന്നെ അത് സമൂഹത്തിന് കാട്ടിക്കൊടുത്തുകൊണ്ടിരുന്നു. നേരിട്ടറിയാവുന്ന ചിലര്‍ അയാളെ കളിയാക്കി കടന്നുപോയി. മറ്റുചിലര്‍ മാറിനിന്ന് അടക്കം പറഞ്ഞു. ചിലരാകട്ടെ, അയാളെ ഉപദേശിക്കാന്‍ രംഗത്തെത്തിയെങ്കിലും വാക്കുകളുടെ stock തീര്‍ന്നപ്പോള്‍ സ്ഥലം വിട്ടു. അപ്പോഴും മറ്റൊന്നുമാലോചിക്കാതെ ദിനേശന്‍ അയാളുടെ പണി തുടര്‍ന്നു കൊണ്ടേയിരുന്നു... കാരണം അത്താഴത്തിനു മുട്ട് വരാതെ നോക്കേണ്ടത് അയാളുടെ ഉത്തരവാദിത്വമായിരുന്നു...

ക്യാംപസിലെ സുന്ദരികളും സുന്ദരന്മാരും ദിനേശന്റെ സ്ഥിരം customers ആയിരുന്നു. സുന്ദരിമാരുടെ പിറകെ നടന്നു ചെരുപ്പ് തേഞ്ഞ ചില സുന്ദരന്മാരുടെയും, സുന്ദരന്മാര്‍ക്ക് പിടി കൊടുക്കാതെ ഓടിമാറിക്കൊണ്ടിരുന്ന ചില സുന്ദരിമാരുടെയും ചെരുപ്പുകള്‍ ദിനേശന്റെ കീശക്ക് കനം കൂട്ടിക്കൊണ്ടിരുന്നു. ഒരിക്കല്‍ ദിനേശന്റെ സ്വന്തം class teacher ആയിരുന്ന വാറുണ്ണി സാര്‍ ആ വഴിക്ക് വന്നു. ചെരുപ്പിന്റെ കീറിയ 'വാര്‍' ആയിരുന്നു അദ്ദേഹത്തിന്റെ പ്രശ്നം.

"ഹല്ലാ, ആരിത്? ദിനേശനോ ? " വന്നപാടെ അദ്ദേഹം ഒരു ചോദ്യം തൊടുത്തുവിട്ടു.

"അല്ല. ദിനേശന്‍, BSC.Physics." അയാള്‍ വിട്ടുകൊടുത്തില്ല.

വാറുണ്ണിക്ക് പിന്നെ വാക്കുകളുണ്ടയിരുന്നില്ല.

നാട്ടില്‍ കാലില്ലാത്തവരുടെ എണ്ണം തീരെ കുറവായതിനാലും, കാലുള്ളവര്‍ക്ക് ചെരുപ്പിന്റെ maintanance പ്രശ്നം വളരെ കൂടിയിരുന്നതിനാലും ദിനേശന്റെ കുടുംബത്തിന് അല്ലലില്ലാതെ കഴിയാന്‍ കഴിയുന്നു എന്ന് വേണം പറയാന്‍.

ദിനേശന്റെ വര്‍ക്കിനോടുള്ള commitment എടുത്തുപറയേണ്ട ഒന്നാണ്. ആത്മാര്‍ഥതയും സത്യസന്ധതയും ദിനേശന്റെ കൈമുതലായിരുന്നു. അച്ഛനില്‍ നിന്നും പകര്‍ന്നു കിട്ടിയ പാരമ്പര്യത്തിന്റെ തനിമ ജനഹൃദയങ്ങളെ ഒന്നാകെ അയാളിലേക്ക് അടുപ്പിച്ചു. അതുമൂലം അയാള്‍ക്ക് ഒരു ശത്രുവും ജനിച്ചു. അയാളുടെ അയല്‍ക്കാരന്‍ വര്‍ക്കിയായിരുന്നു ആ ശത്രു. ജോലിസ്ഥലത്തും ദിനേശന്റെ അയല്‍ക്കാരനായിരുന്നു വര്‍ക്കി. ശത്രുത അയാളുടെ കണ്ണുകളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. കാരണം ഒരു stund നടത്താനുള്ള ത്രാണിയൊന്നും വര്‍ക്കിക്കുണ്ടയിരുന്നില്ല. ദിനേശന്റെ കടയില്‍ തിരക്ക് കൂടുമ്പോള്‍ വര്‍ക്കിയുടെ മുഖത്തെ expression ഒന്നു കാണേണ്ടതാണ്. ശോകവും ശത്രുതയും അസ്സൂയയുമെല്ലാം ഒരുമിച്ചു ആ മുഖത്ത് ജനിക്കും. പിന്നെയൊരു കരച്ചിലാണ്. ശേഷം കടയും പൂട്ടി ഒറ്റ മടക്കം. അതായിരുന്നു വര്‍ക്കി.

ദിനെശനിപ്പോള്‍ ജനങ്ങളുടെ ഒഴിവാക്കാനാവാത്ത ഒരു ആവശ്യമായിതീര്‍ന്നിരിക്കുന്നു. തങ്ങളുടെ ചെരുപ്പിന് എന്തു കേടുപാടുകളുണ്ടായാലും ഏവരും ആദ്യമോര്‍ക്കുന്നത് ദിനേശനെയായിരുന്നു.

രാവിലെ പത്തു മണി വരെ കടയില്‍ നല്ല തിരക്കാണ്. വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ചില അധ്യാപകരും തങ്ങളുടെ പാദരക്ഷകളുടെ സംരക്ഷണാര്‍ത്ഥം ദിനേശനെ ആശ്രയിക്കുന്ന സമയമാണത്. ദിനേശന്റെ കടയില്‍ തിരക്ക് കൂടുമ്പോള്‍ വര്‍ക്കിക്കും കോളാണ്. കാരണം, അപ്പോള്‍ മാത്രമാണ് ആള്‍ക്കാര്‍ അയല്‍പക്കത്തേക്ക് നീങ്ങിത്തുടങ്ങുന്നത്.

ദിനേശന്‍ ഒരു കൊച്ചു കലാകാരന്‍ കൂടിയായിരുന്നു. തിരക്കൊഴിയുമ്പോള്‍ മറ്റു ജോലികളില്ലെങ്കില്‍ കവിതയെഴുത്തായിരുന്നു അയാളുടെ വിനോദം. ഒരുപാട് എഴുതുവാറുണ്ടെങ്കിലും അവയൊന്നും ഇന്നുവരെ അയാള്‍ ആരുടെ മുന്‍പിലും പ്രദര്‍ശിപ്പിച്ചിട്ടില്ല. എല്ലാം ചേര്‍ത്ത് ഒരു കവിതാസമാഹാരം എന്നതായിരുന്നു അയാളുടെ സ്വപ്നം.

ദിവസങ്ങള്‍ ആഴ്ചകളായും ആഴ്ചകള്‍ മാസങ്ങളായും കടന്നുപൊയ്ക്കൊണ്ടിരുന്നു. അന്നൊരിക്കല്‍ പതിവ് ജോലികളെല്ലാം കഴിഞ്ഞു വിശ്രമിക്കുകയായിരുന്നു ദിനേശന്‍. കണ്ണുകളടച്ചു ചെറുതായൊന്നു മയങ്ങാന്‍ തുടങ്ങുമ്പോള്‍ "excuse me" എന്നൊരു പെണ്‍ശബ്ദം. ആലസ്യത്തില്‍ നിന്നുമുണര്‍ന്ന് അയാള്‍ പുറത്തേക്ക് നോക്കി. പട്ടുവസ്ത്രങ്ങളണിഞ്ഞ്, നെറ്റിയില്‍ ചന്ദനക്കുറിയും, മുടിയില്‍ മുല്ലപ്പൂവും, കണ്ണുകളില്‍ വജ്രത്തിളക്കവും,കയ്യില്‍ ഒരു ലൂണാര്‍ ചെരുപ്പുമായി അതിസുന്ദരിയായ ഒരു നാടന്‍ പെണ്ണ് തന്റെ മുന്‍പില്‍ നില്‍ക്കുന്നു. അവളുടെ വശ്യസൗന്ദര്യത്തില്‍ മതിമറന്ന അയാള്‍ സ്വയം മറന്നു. അയാള്‍ക്ക് അവളുടെ മുഖത്തുനിന്നും കണ്ണെടുക്കനായില്ല.

"ഹലോ... എന്താ നോക്കുന്നത്? എന്റെ ഈ ചെരുപ്പിന്റെ front joint ഒന്നിളകി. ശരിയാക്കണം."

അയാള്‍ മായലോകത്തുനിന്നും ഇറങ്ങിവന്നതുപോലെ ചോദിച്ചു. :- "എന്താ.. എന്താ പറഞ്ഞത്?"

"എന്റെ ഈ ചെരുപ്പിന്റെ front joint ഇളകിപ്പോയി. ഒന്ന് ശരിയാക്കി തരുമോന്ന്... "

"ഓ ... അത്രേയുള്ളോ? ത... തരൂ..."

അയാള്‍ അത് വാങ്ങി. അയാളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു.

"അതെ... എപ്പോ കിട്ടും? ഇപ്പോഴോ അതോ നാളെയോ? "

"നാ... നാളെത്തരാം"

"ok... bye..." അവള്‍ നടന്നുനീങ്ങി. ദൂരേക്ക്‌ നടന്നു നീങ്ങുന്ന അവളെ ത്തന്നെ ദിനേശന്‍ വീണ്ടും നോക്കിയിരുന്നു. അവളുടെ കാര്‍ക്കൂന്തല്‍ കാറ്റത്ത്‌ ഇളകിപ്പറക്കുന്നുണ്ടായിരുന്നു.

വികാരനിര്‍ഭരമായ ഈ രംഗങ്ങളെല്ലാം ഒരാള്‍ കാണുന്നുണ്ടായിരുന്നു. അത് വര്‍ക്കിയയിരുന്നു.

താനിപ്പോള്‍ മായലോകത്താണോ ദേവലോകത്താണോ അതോ ഭൂമിയില്‍ തന്നെയാണോ എന്ന് ആശ്ചര്യച്ചിരിക്കുന്ന ദിനേശന്‍ ഒരു സൈക്കിള്‍ ബെല്‍ കേട്ടാണ് ഉണര്‍ന്നത്. അത് ലോട്ടറിക്കാരന്‍ പൈലിയായിരുന്നു.

"നാളെയാണ്...നാളെയാണ്, കേരള സൗഭാഗ്യ ...നറുക്കെടുപ്പ് നാളെയാണ്... ഇന്ന് പത്തു മുടക്കിയാല്‍ നാളെ ലക്ഷങ്ങള്‍ നിങ്ങളുടെ പിന്നാലെ..." അയാളുടെ loudspeaker ചിലച്ചുകൊണ്ടേയിരുന്നു.

"ദിനേശാ, ഡാ മോനെ ഒരെണ്ണം എടുക്കടാ ചെക്കാ.... നാളത്തെ നറുക്ക് നിനക്കാണെന്ന് എന്റെ മനസ്സ് പറയുന്നെടാ കുട്ടാ..."

"ഇല്ല പൈലിക്കാ... എനിക്കതിനുള്ള ഭാഗ്യമൊന്നുമില്ല. ഇക്ക പോവാന്‍ നോക്ക്. "

"ഉം. നിനക്ക് വേണ്ടങ്കില്‍ വേണ്ട. ഞാന്‍ പോയേക്കാം..." അയാള്‍ തന്റെ സഞ്ചരിക്കുന്ന ഓഫീസുമായി കടന്നുപോയി.

ദിനേശന്റെ രാവുകള്‍ ഉറക്കമില്ലാത്തതായിത്തീര്‍ന്നു. പട്ടുവസ്ത്രങ്ങളണിഞ്ഞ്, നെറ്റിയില്‍ ചന്ദനക്കുറിയും, മുടിയില്‍ മുല്ലപ്പൂവും, കണ്ണുകളില്‍ വജ്രത്തിളക്കവും,കയ്യില്‍ ഒരു ലൂണാര്‍ ചെരുപ്പുമായി തന്റെ മുന്നില്‍ വന്നു നിന്ന സുന്ദരിയെക്കുറിച്ചു മാത്രമായി അയാളുടെ ചിന്ത. അവള്‍ എവിടെനിന്ന് വന്നുവെന്നോ എങ്ങോട്ട് പോയെന്നോ ഒരറിവുമില്ല. എന്നിട്ടും മനസ്സ് നിറയെ ആ സുന്ദരി മാത്രം. അയാളുടെ കാവ്യകോശങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പിന്നെ ഒരു കവിത പിറവിയെടുക്കാന്‍ അധികസമയമൊന്നും വേണ്ടിവന്നില്ല. 'അജ്ഞാതസുന്ദരി' എന്നായിരുന്നു ആ കവിതയുടെ പേര്. അന്നുവരെ തന്റെ സര്‍ഗസൃഷ്ടികള്‍ ആരുടെ മുന്‍പിലും പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത ദിനേശന്‍ , 'അജ്ഞാതസുന്ദരി' എന്ന കവിത തന്റെ മനസ്സിളക്കിയ ആ സുന്ദരിയുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചു.

ദിവാകരന്‍ വീണ്ടുമുണര്‍ന്നു. അന്നും പതിവുപോലെ തന്റെ പതിവുജോലികളെല്ലാം പതിവിലും നേരത്തെ തീര്‍ത്ത്, അവള്‍ക്കായ്‌, അവളുടെ ലൂണാര്‍ ചെരുപ്പുമായി ദിനേശന്‍ കാത്തിരുന്നു. സമയം മിനിട്ടുകളും മണിക്കൂറുകളുമായി കടന്നുപോയി. അവള്‍ വന്നില്ല. ദിവാകരന്‍ തലക്കുമുകളില്‍ വന്നു നിന്ന് ചിരിച്ചു. ഉച്ചയൂണിനു നേരമായി. എന്നിട്ടും അവള്‍ വന്നില്ല. ദിനേശന്‍ പ്രതീക്ഷ കൈവിടാതെ കാത്തിരുന്നു. ദിവാകരന് വിടപറയാന്‍ സമയമടുത്തുകൊണ്ടിരുന്നു. കലാലയത്തില്‍ നാല് മണി മുഴങ്ങി. കൂട്ടത്തോടെ കുട്ടികളെല്ലാവരും പലവഴിക്ക് പിരിഞ്ഞുപോയി. അപ്പോഴും ദിനേശന്‍ പ്രതീക്ഷ കൈവിട്ടില്ല. സന്ധ്യ മയങ്ങിത്തുടങ്ങി. ദിനേശന് ക്ഷമ നശിച്ചു. പ്രതീക്ഷകള്‍ നശിച്ച് നിരാശനായി അയാള്‍ വീട്ടിലേക്ക് മടങ്ങി.

അന്ന് രാത്രിയിലും അയാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. അവളോട്‌ തനിക്ക് പ്രണയമാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു. അത് തുറന്നു പറയാനും അയാള്‍ തീരുമാനിച്ചു. വീണ്ടുമൊരു നാളെക്കായ്‌ , നേരം പെട്ടെന്ന് പുലരണമേ എന്ന് പ്രാര്‍ത്ഥിച്ച് അയാള്‍ കിടന്നു.

വീണ്ടുമൊരു ദിനം. അന്നും തലേദിവസത്തെതുപോലെതന്നെയായിരുന്നു. അവള്‍ ആ വഴിക്ക് വന്നതേയില്ല.

മൂന്നാം ദിവസമായി. നെയ്തുകൂട്ടിയ പ്രതീക്ഷകളുമായി വീണ്ടുമയാള്‍ കാത്തിരുന്നു. സമയം കൊഴിയുന്നതല്ലാതെ അവള്‍ വന്നതേയില്ല. വൈകുന്നേരമടുത്തു. മനസ്സമാധാനത്തോടെ ഉറങ്ങിയിട്ട് രണ്ടു ദിവസ്സമായി. ക്ഷീണത്താല്‍ അയാള്‍ ഉറങ്ങിപ്പോയി.

"ചേട്ടാ, ഉറക്കമാണോ?"

ദിനേശന്‍ ഞെട്ടിയുണര്‍ന്നു. താന്‍ രണ്ടു ദിവസ്സമായി കാത്തിരുന്ന പെണ്‍കൊടി അതാ തനിക്ക് മുന്‍പില്‍ നില്‍ക്കുന്നു. കൂടെ രണ്ടു പെണ്‍കുട്ടികളുമുണ്ടായിരുന്നു.

" എ .. എന്താ ?"

"ചേട്ടാ, രണ്ടു ദിവസ്സം മുന്‍പ് ഞാനൊരു ചെരുപ്പ് ശരിയാക്കാന്‍ തന്നിരുന്നു. അത് ശരിയായോ?"

"അ.. അതെ. ഇതല്ലേ? " അയാള്‍ ഒരു ചെരുപ്പ് കാണിച്ചുകൊണ്ട് ചോദിച്ചു.

"അതെ." അവള്‍ അത് വാങ്ങി കാലില്‍ ഇട്ടുനോക്കി.

"Thanks ചേട്ടാ... എത്രയായി?"

"ഏയ്... അതൊന്നും സാരമില്ല." സ്വന്തക്കാരോടെന്നപോലെ അയാള്‍ പറഞ്ഞു.

"സാരമില്ലെന്നോ? അതെന്താ ചേട്ടന് പൈസ വേണ്ടേ?" മൂവരും മുഖത്തോട് മുഖം നോക്കി.

"അ... അല്ലെങ്കില്‍ തന്നേക്ക്‌. പത്തു രൂപ. " അയാള്‍ എന്ത് പറയണമെന്നോര്‍ത്ത് വിമ്മിഷ്ട്ടപ്പെട്ടു.

അവള്‍ പത്തു രൂപയെടുത്ത്‌ ദിനേശന് നേരെ നീട്ടി. അയാള്‍ അത് വാങ്ങിവെച്ചു. തിരിച്ച്, താനെഴുതിയ കവിത അവള്‍ക്കു നേരെ നീട്ടിക്കൊണ്ടു പറഞ്ഞു :- "ഞാന്‍ എഴുതിയ കവിതയാ. വായിച്ചിട്ട് അഭിപ്രായം പറയണം."

"ഉവ്വോ ? എഴുത്തുകാരനും കൂടിയാണല്ലേ? എഴുത്തുകാരെ എനിക്ക് ഭയങ്കര ഇഷ്ടാ... ഇപ്പൊ വായിക്കാന്‍ സമയമില്ല. വായിച്ചിട്ട് നാളെ പറയാം. " അവള്‍ ചിരിച്ചുകൊണ്ട് കൂട്ടുകാരികാളുമൊത്ത് നടന്നുനീങ്ങി. ഈ സമയമത്രയും ഒരാള്‍ വെള്ളം വിഴുങ്ങുകയായിരുന്നു. വര്‍ക്കി.


ദിനേശന് ഒന്ന് തുള്ളിച്ചാടിയാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. എങ്കിലും അയാള്‍ സ്വയം control ചെയ്തു. അയാളുടെ മനസ്സില്‍ ചെറിയ ടെന്‍ഷനുമുണ്ടായിരുന്നു. തന്റെ കവിത വായിച്ചിട്ട് അവള്‍ എന്തു പറയുമെന്നോര്‍ത്തുള്ള ടെന്‍ഷന്‍. അവള്‍ തനിക്കു ചെരുപ്പിന്റെ വിലയായി തന്ന ആ പത്തു രൂപനോട്ട് അയാള്‍ നിധിപോലെ സൂക്ഷിച്ചുവെച്ചു.

രണ്ടു ദിവസം കഴിഞ്ഞു. വീണ്ടുമൊരുനാള്‍. അന്ന് ഒരു ശനിയാഴ്ച ദിവസമായിരുന്നു. അന്നും രാവിലെ ദിനേശന്‍ തന്റെ പതിവ് ജോലികളില്‍ മുഴുകിയിരിക്കുകയായിരുന്നു.

"ദിനേശാ..." തന്റെ പെരെടുത്തുള്ള ആ വിളി കേട്ട് ദിനേശന്‍ തലയുയര്‍ത്തി നോക്കി.

അത് അവളായിരുന്നു. "ദിനേശാ, ഞാന്‍ കവിത വായിച്ചു. Amazing. Itz too romantic! Congratz dear... എനിക്കൊരുപാടിഷ്ടമായി. ഞാന്‍ എന്റെ പപ്പെനേം അമ്മേനേം അമ്മൂമ്മേനേം എല്ലാം വായിച്ചു കേള്‍പ്പിച്ചു. എല്ലാര്‍ക്കും ഇഷ്ട്ടായി. ഇനിയുമെഴുതണം ട്ടോ... ഇതാ എന്റെ വക ഒരു ചെറിയ സമ്മാനം."

അവള്‍ ഒരു റോസപ്പൂവ് അയാള്‍ക്ക് നേരെ നീട്ടി. ദിനേശന് തന്റെ കണ്ണുകളെയും കാതുകളെയും വിശ്വസിക്കാനായില്ല. അയാള്‍ വല്ലാതെ വികാരഭരിതനായി. അയാള്‍ ആ റോസാപുഷ്പം വാങ്ങി. എന്നിട്ട് തിരിച്ചു പറഞ്ഞു.

"Thanks... ഇത്രയൊന്നും ഞാന്‍ പ്രതീക്ഷിച്ചില്ല. എന്താ കുട്ടിയുടെ പേര്?"

"എന്റെ പേര് ഊര്‍മിള. ഇവിടെ ഈ കോളേജില്‍ BA English First year നു പഠിക്കുന്നു."

"ഈ കോളെജിലോ? ഞാനും ഇവിടെയാ പഠിച്ചത്. "

"ഇവിടെയോ? എന്നിട്ട് ഈ ജോലി...? അവള്‍ ആശ്ചര്യത്തോടെ ചോദിച്ചു.

"അതങ്ങനെയായിപ്പോയി. അതുപോട്ടെ... പി... പിന്നെ.. എനിക്ക് കുട്ടിയോട് ഒരു കാര്യം പറയാനുണ്ടായിരുന്നു."

"എന്താ ദിനേശാ?"

"അ.. അത് .. അതുപിന്നെ..." അയാള്‍ അയാളുടെ മനസ്സിലുള്ളത് തുറന്നുപറയാന്‍ തീരുമാനിച്ചെങ്കിലും അയാള്‍ക്ക് അത് എങ്ങനെ തുടങ്ങണമെന്ന് അറിയില്ലായിരുന്നു.

"ഊര്‍മിളാ......"

ഉച്ചത്തിലുള്ള ആ വിളി കേട്ട് ഊര്‍മിള തിരിഞ്ഞുനോക്കി. എന്നിട്ട് ദിനെശനോടായി പറഞ്ഞു.

"ദിനേശാ ഞാന്‍ പോകുന്നു. അമ്പലത്തിലേക്കുള്ള വഴിയാണ്. ദിനേശന്‍ ഇനിയും എഴുതണം. bye..."


ദിനേശന്‍ എന്തെങ്കിലും പറയും മുന്‍പേ അവള്‍ റോഡിന്റെ മറുവശത്തേക്ക് ഓടിപ്പോയി. അവിടെയൊരു ചെറുപ്പക്കാരന്‍ ബൈക്കുമായി അവളെയും കാത്തു നില്‍പ്പുണ്ടായിരുന്നു. അവള്‍ അതില്‍ കയറി എങ്ങോട്ടോ പോയി.


ദിനേശന് കാര്യങ്ങളെല്ലാം മനസ്സിലായി. അയാളുടെ സകല പ്രതീക്ഷകളും ഒരു നിമിഷം കൊണ്ട് അസ്തമിച്ചു. തന്റെ കയ്യിലിരുന്ന റോസാപുഷ്പ്പത്തിനെ അയാള്‍ ദയനീയമായി നോക്കി. അതിനൊന്നും പറയുവാനുണ്ടായിരുന്നില്ല. അയാള്‍ പോട്ടിക്കരഞ്ഞു. അയാളുടെ ഒരു തുള്ളി കണ്ണുനീര്‍ ആ റോസ്സദളങ്ങളില്‍ വീണു. എല്ലാ നിയന്ത്രണങ്ങളും നശിച്ച അയാള്‍ ആ റോസ്സപുഷ്പ്പം റോഡിലേക്ക് വലിച്ചെറിഞ്ഞു. അതൊരു പാണ്ടിലോറിയുടെ ചക്രത്തിന് ഇരയായി. അയാള്‍ക്ക് വിഷമം അടക്കാന്‍ കഴിഞ്ഞില്ല.അന്നവള്‍ ചെരുപ്പിന്റെ വിലയായി തന്ന പത്തു രൂപ നോട്ടെടുത്ത് നോക്കി. അതിലയാള്‍ അവളുടെ മുഖം കണ്ടു. അയാള്‍ വീണ്ടും പൊട്ടിക്കരഞ്ഞു.

"നാളെയാണ്... നാളെയാണ്... കേരള സൗഭാഗ്യ നറുക്കെടുപ്പ് നാളെയാണ്..."


അപ്പോഴാണ് ലോട്ടറിക്കാരന്‍ പൈലി ആ വഴിക്ക് വന്നത്. അന്നുവരെ ലോട്ടറി എടുക്കാത്ത ദിനേശന്‍ മറ്റൊന്നുമാലോചിക്കാതെ ആ പത്തു രൂപ നോട്ട് പൈലിക്ക് നേരെ നീട്ടി.


"ഇന്ന് കാക്ക മലര്‍ന്നു പറക്കും... " പൈലി അമ്പരപ്പോടെ പറഞ്ഞു. ശേഷം പൈസ വാങ്ങി ലോട്ടറി കൊടുത്തിട്ട് അയാള്‍ തന്റെ ഡ്യൂട്ടി തുടര്‍ന്നു. ദിനേശന്‍ പൊട്ടിക്കരഞ്ഞ് കൈകള്‍ കൊണ്ട് മുഖം മൂടി കുനിഞ്ഞിരുന്നു. എല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്ന വര്‍ക്കിക്ക് കാര്യമൊന്നും പിടികിട്ടിയില്ല.

അന്ന് വിരഹാര്‍ദ്രമായ രാത്രിയായിരുന്നു ദിനേശന്. തന്റെ പൊലിഞ്ഞുപോയ സ്വപ്നങ്ങളെയോര്‍ത്ത് അയാള്‍ വിങ്ങിപ്പൊട്ടി. അയാള്‍ എല്ലാം മറക്കാന്‍ ശ്രമിച്ചു.


* * * * * * * * * * * * * * * * * * * * * * * * * * * * * * * *

അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം...


ഇപ്പോള്‍ ഊര്‍മിള ദിനേശന്റെ ഭാര്യയാണ്. ഇടക്ക് നടന്നതിങ്ങനെ.....


നിരാശ കലര്‍ന്ന മനസ്സുമായി ദിനേശന്‍ അന്ന് പൈലിക്ക് കൊടുത്ത ആ പത്തുരൂപ നോട്ടു ദിനേശനെ ഒരു ഭാഗ്യതാരകമാക്കി. അയാള്‍ക്ക് ഇരുപതു ലക്ഷം രൂപ ലോട്ടറി അടിച്ചു. അറിയാതെ കടന്നുവന്ന ഭാഗ്യദേവത ദിനേശന്റെ ജീവിതമാകെ മാറ്റിമറിച്ചു. അയാള്‍ കടങ്ങളെല്ലാം വീട്ടി. MBA ബിരുദമെടുത്തു. അതിലയാള്‍ ഒന്നാമനായി പാസ്സായി. സ്വന്തമായി business ചെയ്തു തുടങ്ങിയ അയാള്‍ ഉയരങ്ങളിലെത്തി. അപ്പോഴും അയാളുടെ മനസ്സില്‍ ഊര്‍മിള ഉണ്ടായിരുന്നു. പ്രതീക്ഷ കൈവെടിയാതെ അയാള്‍ അവളെപ്പറ്റി അന്വേഷിച്ചു. അന്ന് അവളുമായി ബൈക്കില്‍ വന്ന ആ ചെറുപ്പക്കാരന്‍ അവളുടെ ഇളയ സഹോദരനാണെന്ന് അയാള്‍ അറിഞ്ഞു. പിന്നെ ആലോചിച്ചു നില്‍ക്കാതെ അയാള്‍ അവളെ വിവാഹമാലോചിച്ചു ചെന്നു. സത്യസന്ധതയും സ്ഥിരോത്സാഹവും ഒപ്പം ഭാഗ്യവും കൊണ്ട് ഉയരങ്ങളിലെത്തിയ ദിനേശനെ അവളുടെ പിതാവ് മാറോടു ചേര്‍ത്ത്‌ അഭിനന്ദിച്ചു. ഒപ്പം സ്വന്തം മകളെ ദിനേശന്റെ കൈകളില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ദിനേശന്റെ പഴയ കടയുടെ സ്ഥാനത്ത് ഒരു shopping complex പ്രവര്‍ത്തിക്കുന്നു. അവിടെ അയാള്‍ തുടങ്ങിയ വിശാലമായ ഒരു ചെരുപ്പ് കടയുടെ salesman ആയി തന്റെ അയല്‍ക്കാരനായിരുന്ന വര്‍ക്കിയെ നിയമിക്കാനും ദിനേശന്‍ മറന്നില്ല.

3 അഭിപ്രായങ്ങൾ: