2012, നവംബർ 29, വ്യാഴാഴ്‌ച

ഓര്‍മയിലെ സുവര്‍ണ നിമിഷങ്ങള്‍...


 നമ്മുടെ ജീവിത യാത്രയില്‍ നാം പോലുമറിയാതെ നമ്മെ സ്വാധീനിക്കുന്ന ചില വ്യക്തികള്‍ ഉണ്ട്. കടന്നു വന്ന വഴികളില്‍ നമുക്കൊപ്പം സഞ്ചരിച്ചവര്‍., അവരോടൊപ്പമുള്ള നിമിഷങ്ങള്‍.., അവര്‍ പറഞ്ഞു തന്ന കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍.., കളിചിരി തമാശകള്‍... ഒരു പക്ഷേ അവരുടെ സാമീപ്യം പോലും നമുക്ക് വളരെയേറെ സന്തോഷം പകരുന്നതാവും.   പിന്നീടൊരിക്കല്‍ അവരില്‍ നിന്നും ഒരുപാട് അകന്ന് മറ്റൊരു വഴിയില്‍ സഞ്ചരിച്ചു തുടങ്ങുമ്പോള്‍ പഴയെ കാലത്തെ പൊടിപിടിച്ച ഓര്‍മകളില്‍ ആ സുവര്‍ണ്ണ നിമിഷങ്ങള്‍ നാം ഓര്‍മിക്കും. അപ്പോഴുണ്ടാകുന്ന ആ നൊസ്റ്റാള്‍ജിയ... അത് പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത ഒന്നാണ്. 

ഇനി കാര്യത്തിലേക്ക് കടക്കാം:

പഴയ കമ്പനിയില്‍ ഞാന്‍ ജോയിന്‍ ചെയ്യുന്ന സമയത്ത്, എന്‍റെ ടീമില്‍ ആകെ പത്തു പേരാണ് ഉണ്ടായിരുന്നത്. എല്ലാവരെയും പരിചയപ്പെട്ടു കഴിഞ്ഞ്, അതില്‍ ഒരു ചേച്ചിയെ മാത്രം പിന്നെയും കുറച്ചു നാള്‍ കഴിഞ്ഞാണ് ഞാന്‍ പരിചയപ്പെടുന്നത്. ആദ്യ മാത്രയില്‍ തന്നെ വളരെ നല്ല അടുപ്പം തോന്നി. ജോലിയില്‍ വളരെയേറെ ആത്മാര്‍ത്ഥതയുള്ള വളരെ സോഫ്റ്റ്‌ ആയ ഒരു വ്യക്ത്തിത്വം. അക്ഷരങ്ങളെ വളരെയേറെ സ്നേഹിക്കുന്ന കലാബോധമുള്ള മനസ്സിന്‍റെ ഉടമ. വളരെ പെട്ടെന്ന് തന്നെ ഞങ്ങള്‍ തമ്മില്‍ അടുത്തു.

ജോലിയുമായി ബന്ധപ്പെട്ടും അല്ലാതെയും എനിക്ക് വളരെയേറെ സഹായങ്ങള്‍ ചെയ്തു തരുമായിരുന്നു ആ ചേച്ചി. എന്‍റെ എഴുത്തിനെ ഇത്രത്തോളം പ്രോത്സാഹിപ്പിച്ചിട്ടുള്ള മറ്റൊരു വ്യക്ത്തി ഈ ദുനിയാവില്‍ വേറെ ഇല്ലെന്നു പോലും പറയാം. ചേച്ചിയുടെ ആവശ്യപ്രകാരം ചേച്ചിക്ക് വായിക്കാന്‍ വേണ്ടി മാത്രമായി "പച്ചപ്പിന്‍റെ  നാട്ടുവഴികള്‍" എന്നൊരു ലേഖനം ഞാന്‍ എഴുതിയിരുന്നു. എന്‍റെ ജന്മ നക്ഷത്രം തന്നെയാണ് ചേച്ചിയുടെതും എന്ന സത്യം ഞാന്‍ മനസ്സിലാക്കിയത് വളരെ വൈകിയായിരുന്നു. 

ചേച്ചിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ വിവാഹ ദിനത്തിലും പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. കല്യാണത്തിനു ശേഷം ചേച്ചി മടങ്ങി വന്നപ്പോഴും ഞങ്ങളുടെ സൌഹൃദം മാറ്റമില്ലാതെ തുടര്‍ന്നു. എന്‍റെ സ്വന്തം ചേച്ചിയെപ്പോലെ ഞാന്‍ അവരെ കണ്ടു തുടങ്ങിയ നാളുകള്‍. പിന്നൊരിക്കല്‍ ചേച്ചി Pregnant ആയപ്പോള്‍ ചേച്ചിയെപ്പോലെ ഒരു സുന്ദരിക്കുട്ടി ആയിരിക്കും ജനിക്കാന്‍ പോകുന്നത് എന്ന് ഞാന്‍ വെറുതേ പ്രവചിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസമായിരുന്നു എനിക്ക് മറ്റൊരു ജോബ്‌ ഓഫര്‍ വന്നതും ഞാന്‍ അവിടെ നിന്നും ജോലി രാജി വെക്കാന്‍ തീരുമാനിച്ചതും. ഒടുവിലൊരുനാള്‍ ചേച്ചിയെ പിരിഞ്ഞു പോകേണ്ട ദിവസമെത്തിയപ്പോള്‍ വീണ്ടും കാണാം എന്ന് മാത്രം പറഞ്ഞാണ് ഞാന്‍ അവിടെ നിന്നും പടിയിറങ്ങുന്നത്. 

പിന്നീട് ഞാന്‍ ഗള്‍ഫില്‍ വന്നതിനു ശേഷമാണ് ചേച്ചി ഒരു അമ്മയാവുന്നത്. എന്‍റെ കരിനാക്കിന്‍റെ ശക്തി ആണോ അതോ ദൈവത്തിന്‍റെ അനുഗ്രഹം ആണോ എന്നറിയില്ല, പ്രവചനം പോലെ തന്നെ ചേച്ചിക്ക് ഒരു പെണ്‍കുട്ടി പിറന്നു. 

രണ്ടു മാസം മുന്‍പത്തെ അവധിക്കു നാട്ടില്‍ ചെന്നപ്പോള്‍ ഞാന്‍ പഴയ കമ്പനിയില്‍ പോയിരുന്നു. ഒരു വര്‍ഷത്തിനു ശേഷം ചേച്ചിയെ ഞാന്‍ വീണ്ടും കണ്ട ദിവസം.ചേച്ചി അമ്മയായതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച. വളരെ സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. പക്ഷേ കുട്ടിയെ ഇതുവരെ നേരില്‍ കാണാന്‍ എനിക്ക് കഴിഞ്ഞില്ല എന്ന ഒരു വിഷമം മാത്രം ബാക്കി.

രണ്ടു ദിവസം മുന്‍പ്‌ ഫേസ് ബുക്കില്‍ ആ ചുന്ദരി വാവയുടെ പടം ചേച്ചി പോസ്റ്റ്‌ ചെയ്തിരുന്നു. ഒരു ക്യൂട്ട് വാവ. അത് കണ്ടപ്പോള്‍ ചേച്ചിയുടെ അനുവാദത്തോടുകൂടി തന്നെ ആ വാവയുടെ പടം ഇവിടെയും പോസ്റ്റ്‌ ചെയ്യണം എന്ന് എനിക്ക് തോന്നി. വാവയുടെ പടം മാത്രം പോസ്റ്റ്‌ ചെയ്‌താല്‍ ഏതൊരു പോസ്റ്റിനെപ്പോലെയും അത് കടന്നു പോകുമെന്ന് തോന്നിയതിനാല്‍, ചേച്ചിയെപ്പറ്റിയും കുറച്ചു എഴുതട്ടെ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, "നിന്‍റെ എഴുത്തല്ലേ.. എനിക്കിഷ്ട്ടാ നിന്‍റെ എഴുത്ത്... നീ ധൈര്യമായി എഴുതിക്കോളൂ" എന്നാണു ചേച്ചി മറുപടി പറഞ്ഞത്. ആ ഒരു ധൈര്യത്തിലാണ് ഇത്രയും എഴുതിപ്പിടിപ്പിച്ചത്‌. 

ദാ ഇദാണ്‌ ചേച്ചിയുടെ ചുന്ദരി വാവ. പേര് നൈനിക.

 

2012, ജൂൺ 23, ശനിയാഴ്‌ച

ഓര്‍മയിലെ സുന്ദരിക്കൊച്ചി...

കൊച്ചിയെന്നു കേള്‍ക്കുമ്പോള്‍ ഇന്നും ഓര്‍മകളുടെ തണുപ്പാണ്. അലഞ്ഞിട്ടുണ്ട് ഒരുപാട് ആ തെരുവോരങ്ങളില്‍. ബിരുദത്തിനു ശേഷമുള്ള തുടര്‍ പഠനങ്ങള്‍ക്കായാണ് ഞാന്‍ കൊച്ചിയുടെ മടിത്തട്ടിലേക്ക് കുടിയേറുന്നത്. ആ സമയത്താണ് കൊച്ചിയെ കൂടുതല്‍ അടുത്തറിയുന്നത്. ഒരു സോഫ്റ്റ്‌വെയര്‍ കോഴ്സിന്‍റെ പേര് പറഞ്ഞായിരുന്നു ആ ദേശാടനം. മനസ്സില്‍ നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന സിനിമാ മോഹങ്ങളുമായാണ് ഞാന്‍ കൊച്ചിക്ക്‌ വണ്ടി കയറുന്നത്. പഠനത്തെക്കാളുമുപരി സിനിമയില്‍ എന്തെങ്കിലും ഒരു അവസരത്തിനു വേണ്ടി ആയിരുന്നു ആ യാത്രയുടെ പ്രാഥമിക ലക്ഷ്യം തന്നെ. നാല് വര്‍ഷം ഒരേ ക്ലാസ്മുറിയില്‍ ഒരുമിച്ചു പഠിച്ച ഒരു സുഹൃത്തും കൂടെ ഉണ്ടായിരുന്നു.

മാസം 75 രൂപയ്ക്കു ഒരു ഷെയറിംഗ് അക്കോമൊഡെഷന്‍ അവിടെയുള്ള ഒരു സുഹൃത്ത് മുഖാന്തിരം ഞങ്ങള്‍ തരപ്പെടുത്തി. നോര്‍ത്ത് റെയില്‍ വെ സ്റ്റേഷനടുത്ത് രണ്ടു നിലകളിലായി ഒരു പഴയ വീട്. മുകളിലത്തെ നിലയിലായിരുന്നു റൂം അനുവദിച്ചത്. റൂം എന്ന് പറയാന്‍ മാത്രം ഒന്നുമില്ല. ഒരു വലിയ ഹാള്‍. അതില്‍ അഞ്ചാറു പേരോളമുണ്ട്. കേരളത്തിന്‍റെ പല ജില്ലകളില്‍ നിന്നുള്ളവര്‍. മിക്കവരെയും പരിചയപ്പെട്ടു. അതില്‍ രണ്ടു മൂന്നു പേര്‍ നമ്മളെപ്പോലെ സിനിമാ പ്രാന്ത് ഉള്ളവരായിരുന്നു എന്ന് അവരുടെ സംസാരത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. ക്ലാസ്സ്‌ ഉച്ചക്ക് രണ്ടു മണി മുതല്‍ നാല് മണി വരെയുള്ള രണ്ടു മണികൂര്‍ മാത്രമായിരുന്നു. അടിച്ചുപൊളിച്ചു നടക്കാന്‍ ആവോളം സമയമുണ്ട്. ഒരു വശത്ത്‌ കൊച്ചിക്കായല്‍.. മറുവശത്ത്‌ കവിത , സരിത, സംഗീത, സവിത, പദ്മ, ഷേണായീസ് തുടങ്ങി വിശാലമായ ടാക്കീസുകള്‍. മിക്കവാറും പടങ്ങള്‍ റിലീസ് ദിവസം തന്നെ ഒന്നുവിടാതെ കണ്ടുതീര്‍ത്തു. അങ്ങനെ സിനിമാ ആസ്വാദനവും, ചര്‍ച്ചയും, പഠനവുമൊക്കെയായി ദിവസങ്ങള്‍ പൊയ്ക്കൊണ്ടിരുന്നു.. അങ്ങനെയിരിക്കെ ഒരു ദിവസം...

(തുടരും )

2012, മേയ് 22, ചൊവ്വാഴ്ച

അതിജീവനത്തിന്‍റെ കാല്‍ നൂറ്റാണ്ട്

കടന്നുപോയ ഇരുപത്തിനാല് വര്‍ഷങ്ങള്‍ ..... സന്തോഷത്തിന്‍റെ മധുരവും സങ്കടത്തിന്‍റെ കയ്പ്പും മാറി മാറി രുചിച്ചറിഞ്ഞ വഴിയാത്രകള്‍... വഴികളേറെ സഞ്ചരിച്ച് ഇന്നിവിടെ എത്തിനില്‍ക്കുമ്പോള്‍ എന്നും ഓര്‍ത്തുവെക്കാന്‍ നിറമുള്ളതും ഇല്ലാത്തതുമായ ഓര്‍മ്മകള്‍ സമ്മാനിച്ച നല്ലവരായ സുഹൃത്തുക്കള്... വേദനിച്ച നിമിഷങ്ങളില്‍ സഹായഹസ്തവുമായി ഓടിയെത്തിയവര്‍ മുതല്‍ കാര്യസാധ്യത്തിനു മാത്രം കൂടെ നിന്ന ശേഷം തിരിഞ്ഞു നോക്കാതെ പോയവര്‍ വരെ... പലരും പരിധിവിട്ട് പുറത്തുപോയെങ്കിലും ചിലര്‍ ഇപ്പോഴും പരിധിക്കുള്ളില്‍ത്തന്നെയുണ്ട്... എല്ലാവരുടെയും പേര് ഈ അവസരത്തില്‍ എടുത്തു പറയാന്‍ സാധിക്കില്ലെങ്കിലും പലരോടും എനിക്ക് കടപ്പാടുകളുണ്ട്... ഇതുവരെ എന്‍റെകൂടെ യാത്ര ചെയ്ത് എന്നെ അടുത്തറിഞ്ഞ എന്‍റെ സുഹൃത്തുക്കള്‍ക്ക് അറിഞ്ഞോ അറിയാതെയോ ഞാന്‍ കാരണം എന്തെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക .... തുടര്‍ന്നുള്ള എന്‍റെ യാത്രയിലും നിങ്ങള്‍ കൂടെ ഉണ്ടാവും എന്ന് വിശ്വസിക്കുന്നു... യാത്ര തുടരാം നമുക്ക്... ഇനിയുമേറെക്കാലം...

എനിക്ക് ജന്മം തന്ന്, എന്നെ വളര്‍ത്തി വലുതാക്കി ഈ നിലയില്‍ എത്തിച്ച എന്‍റെ അമ്മക്ക് മുന്‍പില്‍ ഈ ജന്മദിനം ഞാന്‍ സമര്‍പ്പിക്കുന്നു... അമ്മയുടെ സ്നേഹവും പ്രോത്സാഹനവും ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ ഇന്നത്തെ ഞാന്‍ ആകുമായിരുന്നില്ല... ഒപ്പം എന്‍റെ കൂടെ നിന്ന് എന്നെ ഇതുവരെ കൊണ്ടെത്തിച്ച എന്‍റെ സര്‍വേശ്വരനും... ആ ശക്തിക്ക് മുന്‍പില്‍ ഞാന്‍ ഒരിക്കല്‍ കൂടി ശിരസ്സ്‌ നമിക്കുന്നു...

കാലം വീണ്ടും സഞ്ചരിക്കുകയാണ്...
ഇതുവരെ കണ്ടുമുട്ടിയവരോടും ഇനി കാണാനിരിക്കുന്നവരോടും എനിക്ക് പറയാനുള്ളത്....

മറ്റുള്ളവര്‍ക്ക് നിങ്ങളെക്കൊണ്ട് ആവുന്ന നന്മ ചെയ്യുക... ദൈവം അതിനുള്ള ഫലം എന്നെങ്കിലും തരാതിരിക്കില്ല...

സ്വന്തം ജീവനേക്കാള്‍ മറ്റൊരാളെ സ്നേഹിക്കതിരിക്കുക... കാരണം സ്വന്തം കാര്യലാഭത്തിനു വേണ്ടി അയാള്‍ നിങ്ങളെ ഒരിക്കല്‍ തള്ളിപ്പറയുമ്പോള്‍ നീറുന്നത് നിങ്ങളുടെ മാത്രം മനസ്സായിരിക്കും...

സ്വന്തം ജീവിതത്തിന്‍റെ കടിഞ്ഞാണ്‍ അന്യരുടെ കയ്യില്‍ കൊടുക്കാതെ അവരില്‍ നിന്നും നല്ല ഉപദേശങ്ങള്‍ മാത്രം സ്വീകരിച്ച് സ്വന്തം മനസാക്ഷിക്ക് ശെരി എന്ന് തോന്നുന്നത് ചെയ്യുക... സ്വന്തം കഴിവില്‍ വിശ്വസിക്കുക...