2012, ജൂൺ 23, ശനിയാഴ്‌ച

ഓര്‍മയിലെ സുന്ദരിക്കൊച്ചി...

കൊച്ചിയെന്നു കേള്‍ക്കുമ്പോള്‍ ഇന്നും ഓര്‍മകളുടെ തണുപ്പാണ്. അലഞ്ഞിട്ടുണ്ട് ഒരുപാട് ആ തെരുവോരങ്ങളില്‍. ബിരുദത്തിനു ശേഷമുള്ള തുടര്‍ പഠനങ്ങള്‍ക്കായാണ് ഞാന്‍ കൊച്ചിയുടെ മടിത്തട്ടിലേക്ക് കുടിയേറുന്നത്. ആ സമയത്താണ് കൊച്ചിയെ കൂടുതല്‍ അടുത്തറിയുന്നത്. ഒരു സോഫ്റ്റ്‌വെയര്‍ കോഴ്സിന്‍റെ പേര് പറഞ്ഞായിരുന്നു ആ ദേശാടനം. മനസ്സില്‍ നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന സിനിമാ മോഹങ്ങളുമായാണ് ഞാന്‍ കൊച്ചിക്ക്‌ വണ്ടി കയറുന്നത്. പഠനത്തെക്കാളുമുപരി സിനിമയില്‍ എന്തെങ്കിലും ഒരു അവസരത്തിനു വേണ്ടി ആയിരുന്നു ആ യാത്രയുടെ പ്രാഥമിക ലക്ഷ്യം തന്നെ. നാല് വര്‍ഷം ഒരേ ക്ലാസ്മുറിയില്‍ ഒരുമിച്ചു പഠിച്ച ഒരു സുഹൃത്തും കൂടെ ഉണ്ടായിരുന്നു.

മാസം 75 രൂപയ്ക്കു ഒരു ഷെയറിംഗ് അക്കോമൊഡെഷന്‍ അവിടെയുള്ള ഒരു സുഹൃത്ത് മുഖാന്തിരം ഞങ്ങള്‍ തരപ്പെടുത്തി. നോര്‍ത്ത് റെയില്‍ വെ സ്റ്റേഷനടുത്ത് രണ്ടു നിലകളിലായി ഒരു പഴയ വീട്. മുകളിലത്തെ നിലയിലായിരുന്നു റൂം അനുവദിച്ചത്. റൂം എന്ന് പറയാന്‍ മാത്രം ഒന്നുമില്ല. ഒരു വലിയ ഹാള്‍. അതില്‍ അഞ്ചാറു പേരോളമുണ്ട്. കേരളത്തിന്‍റെ പല ജില്ലകളില്‍ നിന്നുള്ളവര്‍. മിക്കവരെയും പരിചയപ്പെട്ടു. അതില്‍ രണ്ടു മൂന്നു പേര്‍ നമ്മളെപ്പോലെ സിനിമാ പ്രാന്ത് ഉള്ളവരായിരുന്നു എന്ന് അവരുടെ സംസാരത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. ക്ലാസ്സ്‌ ഉച്ചക്ക് രണ്ടു മണി മുതല്‍ നാല് മണി വരെയുള്ള രണ്ടു മണികൂര്‍ മാത്രമായിരുന്നു. അടിച്ചുപൊളിച്ചു നടക്കാന്‍ ആവോളം സമയമുണ്ട്. ഒരു വശത്ത്‌ കൊച്ചിക്കായല്‍.. മറുവശത്ത്‌ കവിത , സരിത, സംഗീത, സവിത, പദ്മ, ഷേണായീസ് തുടങ്ങി വിശാലമായ ടാക്കീസുകള്‍. മിക്കവാറും പടങ്ങള്‍ റിലീസ് ദിവസം തന്നെ ഒന്നുവിടാതെ കണ്ടുതീര്‍ത്തു. അങ്ങനെ സിനിമാ ആസ്വാദനവും, ചര്‍ച്ചയും, പഠനവുമൊക്കെയായി ദിവസങ്ങള്‍ പൊയ്ക്കൊണ്ടിരുന്നു.. അങ്ങനെയിരിക്കെ ഒരു ദിവസം...

(തുടരും )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ