2010, സെപ്റ്റംബർ 10, വെള്ളിയാഴ്‌ച

ജീവിതം തേടി...

"ഹരിക്കുട്ടന്‍ ". അതാണയാളുടെ പേര്. സല്‍സ്വഭാവിയായ യുവാവ്‌. അയാളുടെ അമ്മ ഒരു നിത്യരോഗിയായിരുന്നു. ഹരിയുടെ ചെറുപ്രായത്തില്‍ തന്നെ അവന്റെ അച്ഛന്‍ ലോകത്തോട്‌ വിടപറഞ്ഞിരുന്നു. രോഗിയായ അമ്മക്ക് തണലായി ഹരിക്കുട്ടന്‍ എന്ന കുട്ടേട്ടനും അയാളുടെ കുഞ്ഞുപെങ്ങളും മാത്രം. അവളിപ്പോള്‍ പഠനം മതിയാക്കി അമ്മക്കൊരാശ്രയമായി വീട്ടില്‍ തന്നെയാണ്. സേലത്തുള്ള അമ്മാവന്‍ മാസം തോറും അയച്ചു കൊടുക്കുന്ന തുച്ഛമായ വരുമാനമായിരുന്നു ആ മൂവര്‍ കുടുംബത്തിന്റെ ആശ്രയം.

കുഞ്ഞുപെങ്ങള്‍ കുട്ടേട്ടന് എന്നുമൊരു പ്രോത്സാഹനമായിരുന്നു. എപ്പോഴും ചിരിക്കുന്ന മുഖമുള്ള അവളെ കാണുമ്പോള്‍ ആരുടെ ദുഃഖവും മാഞ്ഞുപോകുമായിരുന്നു... കുട്ടേട്ടന്‍ നാട്ടില്‍ പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ശേഷം മൂന്നു വര്‍ഷം ബംഗ്ലൂരില്‍ ആയിരുന്നു. അതിനും അമ്മാവനാണ് സഹായിച്ചത്. ഡിഗ്രി പഠനത്തിനാണ് പോയതെങ്കിലും സാമ്പത്തിക ബാധ്യത മൂലം അയാള്‍ക്കതു മുഴുമിപ്പിക്കാന്‍ സാധിച്ചില്ല. അതിനാല്‍ ഒരു വര്‍ഷം മുന്‍പ് തന്നെ പഠനം മതിയാക്കി അയാള്‍ നാട്ടില്‍ തിരിച്ചെത്തി. ഹരിക്ക് നാട്ടില്‍ അടുത്ത സുഹൃത്തുക്കള്‍ എന്ന് പറയാന്‍ ആരുമില്ലായിരുന്നു. അതുകൊണ്ട് എന്തെങ്കിലും വിഷമങ്ങള്‍ ഉണ്ടായാല്‍ തന്നെ എല്ലാം സ്വയം ഉള്ളില്‍ ഒതുക്കുകയായിരുന്നു പതിവ്.

ബാംഗ്ലൂരില്‍ നിന്നും മടങ്ങിയെത്തിയ ശേഷം അയാള്‍ വളരെ അസ്വസ്ഥനായിരുന്നു. ഒരു വശത്ത് നിത്യരോഗിയായ അമ്മ. മറുവശത്ത് കുഞ്ഞുപെങ്ങള്‍. കുട്ടേട്ടന്റെ ജീവിതം ദുരൂഹതകള്‍ക്കിടയിലൂടെയാണ് പോയ്ക്കൊണ്ടിരിക്കുന്നതെന്ന് അയാള്‍ക്കല്ലാതെ മറ്റാര്‍ക്കും അറിയുമായിരുന്നില്ല. അതിനു തെളിവുകളായിരുന്നു മാസത്തില്‍ രണ്ടുതവണ ബംഗ്ലൂരില്‍ നിന്നുമുള്ള കത്തുകള്‍. അവ ഹിന്ദിയിലുള്ളതായിരുന്നു. ബാംഗ്ലൂര്‍ അധോലോകം കുട്ടേട്ടനെ വട്ടമിട്ടു പറക്കാന്‍ തുടങ്ങിയതിന്റെ അടയാളങ്ങള്‍. കത്തുകളെക്കുറിച്ചുള്ള പെങ്ങളുടെ ചോദ്യങ്ങള്‍ക്ക് അവ തന്റെ ബാംഗ്ലൂരിലുള്ള സുഹൃത്തുക്കള്‍ അയക്കുന്നതാനെന്നയിരുന്നു കുട്ടേട്ടന്റെ മറുപടി.

തന്റെ ആത്മാര്‍ത്ഥസുഹൃത്തുക്കള്‍ എന്ന് താന്‍ കരുതിയിരുന്നവര്‍ തന്നെയാണ് തന്നെ ചതിച്ചതെന്നു ഹരി ഉറച്ചുവിശ്വസിക്കുന്നു. അവരില്‍ ചിലര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതും ഹരി ഇപ്പോള്‍ ഓര്‍ക്കുന്നു. അതേ ഭീഷണികള്‍ ഇപ്പോള്‍ കത്തുകളിലൂടെയും വന്നുകൊണ്ടിരിക്കുന്നു.

" എത്രയും വേഗം ഇവിടേയ്ക്ക് തിരിച്ചുവരിക. അല്ലെങ്കില്‍ ഞങ്ങള്‍ക്ക് അവിടേക്ക് വരേണ്ടിവരും."
അതായിരുന്നു അവസാന കത്തിലെ മുന്നറിയിപ്പ്.

കുട്ടേട്ടന്റെ രാവുകള്‍ പലതും ഉറക്കമില്ലാത്തതായിരുന്നു . ഭാവിചിന്തകളായിരുന്നു അയാളുടെ മനസ്സുനിറയെ... മനുഷ്യത്വം മറന്ന് ഭീകര വാദത്തിന്റെ വിഷം സ്വയം കുത്തിവെക്കാന്‍ അയാള്‍ക്ക്‌ മടിയായിരുന്നു. ചില നേരങ്ങളില്‍ അയാള്‍ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചു. പക്ഷെ താന്‍ മരിച്ചാല്‍ തന്റെ അമ്മയ്ക്കും കുഞ്ഞുപെങ്ങള്‍ക്കും മറ്റാരുണ്ട്‌ തുണ? അമ്മാവന്റെ തുച്ഛമായ വരുമാനം കൊണ്ട് എത്രനാള്‍ ജീവിക്കും? കുഞ്ഞുപെങ്ങളുടെ ഭാവി? അമ്മയുടെ രോഗശാന്തി? ഹരിയുടെ മുന്‍പില്‍ എല്ലാം ചോദ്യ ചിഹ്നങ്ങളായിരുന്നു.

മനസ്സിന്റെ കണക്കുപുസ്തകം തുറന്നു കൂട്ടലും കുറയ്ക്കലും നടത്തി വരും വരാഴികകള്‍ എണ്ണിതിട്ടപ്പെടുത്തി അവസാനം അയാള്‍ ഒരു തീരുമാനത്തിലെത്തി. ബാംഗ്ലുരിലേക്ക് മടങ്ങുക. പറ്റുമെങ്കില്‍ അതിലൂടെ കുറെ പണമുണ്ടാക്കി അമ്മക്ക് അയച്ചു കൊടുക്കുക. അയാള്‍ രണ്ടും കല്‍പ്പിച്ചു ഒരു തീരുമാനമെടുത്തു. ഒരു രാത്രി കൂടി വിടപറഞ്ഞു. ആ പ്രഭാതത്തില്‍ കുട്ടേട്ടന്‍ അമ്മയുടെ കട്ടിലിനരികില്‍ വന്നിരുന്നു. അവര്‍ ഉറങ്ങുകയായിരുന്നു. എങ്കിലും സ്വന്തം മക്കളോടുള്ള അനിര്‍വചനീയമായ സ്നേഹം ആ മുഖത്ത് തുളുമ്പിനില്‍ക്കുന്നത് അയാള്‍ കണ്ടു. അയാളുടെ ഹൃദയം വിങ്ങിപ്പൊട്ടി. അയാള്‍ പൊട്ടിക്കരഞ്ഞു.

"എന്താ കുട്ടേട്ടാ? എന്തിനാ കരയുന്നത്? " കുഞ്ഞുപെങ്ങള്‍ ആശ്ചര്യത്തോടെ ചോദിച്ചു...

"ഒന്നുമില്ല മോളെ... മോള് അമ്മയെ നല്ലതുപോലെ നോക്കണം. ഈ കുട്ടേട്ടന്‍ നാളെ ബാംഗ്ലുരിലേക്ക് മടങ്ങുകയാണ്. "

"എന്താ മോനെ നീ ഈ പറയുന്നത്? ഇനിയും ബംഗ്ലുരിലെക്കോ? "
അത് അമ്മയായിരുന്നു. അവരുടെ ചുണ്ടുകള്‍ വിറക്കുന്നുണ്ടായിരുന്നു.

"അതെ അമ്മേ ... ഞാന്‍ തിരികെപ്പോവുകയാണ്. എന്റെ അമ്മയ്ക്കും കുഞ്ഞുപെങ്ങള്‍ക്കും വേണ്ടിയാണ് ഞാന്‍ പോകുന്നത്. അവിടെ പട്ടാളത്തില്‍ ഒരു ജോലി ശരിയാക്കിതരാമെന്ന് എന്റെ ഒരു സുഹൃത്ത് സമ്മതിച്ചിട്ടുണ്ട്. അത് ശരിയായാല്‍ പിന്നെ എന്റെ അമ്മയ്ക്കും കുഞ്ഞുപെങ്ങള്‍ക്കും സുഖമായി ജീവിക്കാനുള്ള തുക ഞാന്‍ കണ്ടെത്തും. അമ്മ എന്നെ പോകാന്‍ അനുവദിക്കണം. "

"കുട്ടേട്ടാ.... ഏട്ടന്‍ പോയാല്‍ പിന്നെ ഞങ്ങള്‍ക്കാരുണ്ട്? "

"നിങ്ങള്‍ക്ക് ... നിങ്ങള്‍ക്കിനി ദൈവമുണ്ട് . അദ്ദേഹം നിങ്ങളെ കൈവെടിയില്ല ... മോള് ധൈര്യമായിരിക്ക്‌ ... ഈ ഏട്ടന്‍ വല്യ ഒരു പട്ടാളക്കാരനായി തിരിച്ചുവരും. മോള് നോക്കിക്കോ..."

കുട്ടേട്ടന്‍ തന്റെ മടക്കയാത്രക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പിറ്റേന്ന് രാവിലെ അയാള്‍ അമ്മയുടെ കട്ടിലിനരികില്‍ വന്നു. അമ്മയുടെ നെറ്റിയില്‍ ചുംബിച്ചു. അമ്മയുടെ കണ്ണുകള്‍ ഈറനണഞ്ഞിരിക്കുന്നത് അയാള്‍ ശ്രദ്ധിച്ചു. എന്നും ചിരിക്കാരുണ്ടായിരുന്ന കുഞ്ഞുപെങ്ങള്‍ മാറി നിന്ന് കരയുന്നത് അയാള്‍ കണ്ടു.അയാള്‍ക്ക് വിഷമം അടക്കാന്‍ കഴിഞ്ഞില്ല. തന്റെ കുഞ്ഞുപെങ്ങളെ മാറോടുചേര്‍ത്ത് അയാള്‍ സ്വാന്തനിപ്പിച്ചു.

"ഏട്ടന്‍ മടങ്ങിവരും മോളെ... എന്റെ കുഞ്ഞുപെങ്ങളെ കാണാന്‍ ഏട്ടന്‍ മടങ്ങിവരും."

ഇത്രയും പറഞ്ഞു തന്റെ പെട്ടിയുമായി അയാള്‍ പുറത്തേക്കിറങ്ങി. കൊയ് ത്തു കഴിഞ്ഞ പാടവരമ്പിലൂടെ നടന്നു നീങ്ങുന്ന പട്ടാളക്കാരനാകന്‍ ഇറങ്ങിപ്പുറപ്പെട്ട തന്റെ ഏട്ടനെ അവള്‍ കൈവീശി യാത്രയാക്കി . കുട്ടേട്ടന്‍ ദൂരെ മറയുന്നതുവരെ അവള്‍ നോക്കിനിന്നു. പിന്നീട് ഒരു നീണ്ട കാത്തിരിപ്പായിരുന്നു. കുട്ടേട്ടന്‍ എന്ന പട്ടാളക്കാരന്റെ വരവും കാത്ത് കുഞ്ഞുപെങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ്‌.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ