2010, നവംബർ 19, വെള്ളിയാഴ്‌ച

ഋതുഭേദങ്ങള്‍

ഒരുപാട് പ്രതീക്ഷകളുമായാണ് ആ പതിനെട്ടുകാരന്‍ കലാലയത്തിലെത്തിയത്. ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയിത്തീരുക എന്നത് അവന്റെ ഒരു ചിരകാലാഭിലാഷമായിരുന്നു. അതിനായി ഐടി വിഭാഗമാണ്‌ അവന്‍ തെരഞ്ഞെടുത്തത്. പരീക്ഷകളില്‍ ഉന്നത വിജയം, കലകളില്‍ കുലപതി, ക്യാമ്പസ്‌ റിക്രൂട്ടുമെന്റ് വഴിയൊരു ജോലി തുടങ്ങി ഒട്ടേറെ സ്വപ്‌നങ്ങള്‍ അവനുണ്ടായിരുന്നു.

ഒന്നാം വര്‍ഷം ഒന്നാം ബെഞ്ചില്‍ ഒന്നാമാനായിട്ടായിരുന്നു അവന്റെ അരങ്ങേറ്റം. ലക്ചര്‍ ക്ലാസ്സുകളുടെ പേമാരികളില്‍ അവന്‍ നനഞ്ഞു തുടങ്ങിയ കാലമായിരുന്നു അത്. ലൈബ്രറികള്‍ അവന്റെ വിഹാരകേന്ദ്രങ്ങളായിരുന്നു. റാഗിംഗ് ഒരു പേടി സ്വപ്നമായിരുന്നെങ്കിലും കലാലയത്തിന്റെ പുതിയ ചിട്ടകളില്‍ അത് അലിഞ്ഞില്ലാതായി. ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും കലാലയചുറ്റുവട്ടങ്ങള്‍ അവനു പരിചിതമായി തുടങ്ങി. ധാരാളം പുതിയ സുഹൃത്തുക്കള്‍ അവനുണ്ടായി. ക്ലാസുകളും കൊച്ചു കൊച്ചു പരീക്ഷകളുമായി ദിവസങ്ങള്‍ കടന്നുപോയി. അവസാനം പ്രധാന പരീക്ഷയുമെത്തി. പഠിച്ചത് മുഴുവന്‍ കടലാസ്സില്‍ നിറക്കേണ്ട ദിവസം. അധികം പ്രയാസങ്ങളില്ലാതെ പരീക്ഷകള്‍ ഒന്നൊന്നായി കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.

ഒരു നാള്‍ അവന്‍ രണ്ടാം വര്‍ഷക്കാരനായി. ഇത്തവണയും കൂടുതല്‍ ഉത്സാഹത്തോടെ പഠിക്കണമെന്ന് അവന്‍ തീരുമാനിച്ചു. ചില അസൂയാലുക്കളായ വിരുതന്മാര്‍ അവന്റെ വളര്‍ച്ചയില്‍ ഉത്കണ്ഠപ്പെട്ടു. പല പ്രലോഭനങ്ങളുമായി അവര്‍ അവനു ചുറ്റും കൂടി. ക്രമേണ അവന്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് തുടങ്ങി. ദിവസങ്ങള്‍ കഴിയുന്തോറും സുഹൃത്തുക്കളുടെ എണ്ണം അവനു കൂടി വന്നു. അവരില്‍ പലരും അവനെ മറ്റു പല വഴിക്ക് ചിന്തിപ്പിച്ചു തുടങ്ങി. അധികം വൈകാതെ പഠനത്തിലുള്ള ശ്രദ്ധ അവനു കുറഞ്ഞു കുറഞ്ഞു വന്നു. ക്ലാസുകള്‍ കട്ട് ചെയ്യുവാനുള്ള ധൈര്യം അവനു കിട്ടി. ആളൊഴിഞ്ഞ കോണില്‍ കൂട്ടുകാരുമൊത്ത് പുകവലിയും മദ്യപാനവും അവന്‍ ആസ്വദിച്ചു തുടങ്ങി. അങ്ങനെ കുടിയും വലിയുമായി രണ്ടാംവര്‍ഷം കടന്നു പൊയ്ക്കൊണ്ടിരുന്നു. അപ്പോഴേക്കും അതിവേഗത്തില്‍ പ്രധാന പരീക്ഷയുമെത്തി. ഇത്തവണ പരീക്ഷ അവനു കീറാമുട്ടിയായിരുന്നു. എത്രയും വേഗം തീരണമേ പ്രാര്‍ത്ഥിച്ച് കൊണ്ട് എഴുതിയ പരീക്ഷ ഒരുനാള്‍ അവസാനിച്ചു.

കാലം അവനെ മൂന്നാം വര്‍ഷത്തിലെത്തിച്ചു. പ്രണയസുരഭിലമായിരുന്നു അവന്റെ മൂന്നാം വര്‍ഷം. അവിടെ അവന്‍ ഒരു പരീക്ഷണത്തിന്‌ മുതിര്‍ന്നു. പൂക്കളും കൈയിലേന്തി പല പെണ്‍കുട്ടികളുടെയും പിറകെ നടന്നെങ്കിലും നിരാശയായിരുന്നു ഫലം. നിരാശയില്‍ നിന്നും കരകയറാന്‍ വേണ്ടും അവന്‍ ലഹരിയെതന്നെ ആശ്രയിച്ചു. പ്രണയം മടുത്തപ്പോള്‍ രാഷ്ട്രീയത്തിലേക്ക് അവന്‍ ചുവടു മാറ്റിച്ചവിട്ടി. അതിനും പ്രചോദനമായത് അവന്റെ കൂട്ടുകാര്‍ തന്നെയായിരുന്നു. തെരഞ്ഞെടുപ്പു കാലങ്ങളില്‍ മത്സരിക്കാന്‍ ധൈര്യം കാട്ടിയെങ്കിലും ഫലത്തില്‍ നിരാശയായിരുന്നു വീണ്ടും. അപ്പോഴേക്കും പഴയ പരീക്ഷകളുടെ ഫലം അവനെത്തേടിയെത്തി. സപ്ലികള്‍ തീമഴ പോലെയാണ് അവനുമേല്‍ പതിച്ചത്. കണ്ണടച്ച് തുറക്കും മുന്‍പേ വീണ്ടും പരീക്ഷയെത്തി. ഇത്തവണ അവനെഴുതാന്‍ ഷാജഹാന്റെ പ്രണയകഥയും ഇഎംഎസ് -ന്റെ രാഷ്ട്രീയജീവിതവുമായിരുന്നു ഉണ്ടായിരുന്നത്. പെയ്തൊഴിഞ്ഞ പേമാരി പോലെ മൂന്നാം വര്‍ഷവും കടന്നുപോയി.

അവസാന വര്‍ഷം വേദനകളുടെയും പ്രതീക്ഷകളുടെയുമായിരുന്നു. വേദനിക്കുന്ന നിമിഷങ്ങളില്‍ അവന്‍ തന്റെ സ്വപ്നങ്ങളെപ്പറ്റി ചിന്തിച്ചു. പരീക്ഷകളില്‍ ഉന്നത വിജയം, കലകളില്‍ കുലപതി, ക്യാമ്പസ്‌ റിക്രൂട്ടുമെന്റ് വഴിയൊരു ജോലി ..! എല്ലാം ഒരു നിറം മങ്ങിയ ചിത്രമായി അവനു തോന്നി. കണ്ണുകളടക്കുമ്പോള്‍ സപ്ലികള്‍ ചുറ്റും നിന്ന് നൃത്തം കളിക്കുന്നതുപോലെ അവന് അനുഭവപ്പെട്ടു. സപ്ലികളുടെ കണക്കെടുപ്പുകള്‍ക്കിടയില്‍ വീണ്ടും പരീക്ഷയെത്തി. തന്റെ കലാലയ ജീവിതത്തിലെ അവസാനത്തെ പരീക്ഷാക്കാലമായിരുന്നു അത്. തന്റെ പൊലിഞ്ഞുപോയ സ്വപ്നങ്ങളെയോര്‍ത്താണ് ഇത്തവണ അവന്‍ പരീക്ഷയെഴുതിയത്. ഒരുനാള്‍ അവന്റെ കലാലയ ജീവിതം അവസാനിച്ചു. അതുവരെ എല്ലാത്തിനും കൂടെയുണ്ടായിരുന്ന അവന്റെ ആത്മാര്‍ത്ഥസുഹൃത്തുക്കള്‍ അവരവരുടെ കാര്യങ്ങള്‍ക്കായി പലവഴിക്ക് പിരിഞ്ഞുപോയി. അപ്പോഴും സപ്ലികളുടെ കണക്കും പൊലിഞ്ഞുപോയ സ്വപ്നങ്ങളുമായി അവന്‍ ഒറ്റക്കായിരുന്നു.

**************************************************************
ഇവിടെ അവന്‍ എന്ന കഥാപാത്രം ഇന്നും പല കലാലയങ്ങളിലും പല ക്ലാസ്സ്‌റൂമുകളിലും ജീവിക്കുന്നുണ്ട്. ചിലര്‍ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു, ചിലര്‍ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു, മറ്റുചിലര്‍ അനുഭവിച്ചുകഴിഞ്ഞിരിക്കുന്നു. സ്വപ്നങ്ങളും പേറി വരുന്ന യുവ തലമുറയ്ക്ക് ഒരിക്കലും ഇത്തരം അവസ്ഥകള്‍ ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത് ഥിക്കാം.
------------------------------------------------------------------------------------------------
[2007-08 അധ്യയനവര്‍ഷത്തില്‍ MountZion Engineering college മാഗസിനിലെ സുവര്‍ണ്ണ താളുകളിലോന്നിലുടെ ആദ്യമായി വെളിച്ചം കണ്ട എന്റെ ഒരു ചെറുകഥയായിരുന്നു ഇത്.]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ