2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

ഓട്ടമത്സരം

മൂന്നാംതരം വരെ വീടിനടുത്തുള്ള കൊച്ചുസ്കൂളിലായിരുന്നു എന്റെ പഠനം. അതിനു ശേഷം അമ്മ അധ്യാപികയായി ജോലി ചെയ്യുന്ന കാരക്കാട് സ്ക്കൂളിലേക്ക് മാറി. കുട്ടികളുടെ കുറവ് നികത്തി എണ്ണം തികക്കാനുള്ള ഒരു പോംവഴി ആയിരുന്നു അതെന്ന് പിന്നീട് മനസ്സിലാക്കി.

അധ്യാപികയുടെ മകനായതുകൊണ്ടാവം, മകനെ സ്വന്തം സ്ക്കൂളിലെ കലാകായിക പ്രതിഭ ആക്കിതീര്‍ക്കാന്‍ അമ്മക്ക് ആഗ്രഹമുണ്ടായിരുന്നു. കലോത്സവങ്ങളിലും മറ്റും എന്നെക്കൊണ്ട് പാട്ട് പാടിപ്പിക്കാന്‍ അമ്മക്ക് വലിയ ഇഷ്ട്ടമായിരുന്നു. എന്നാല്‍ ഇത്തവണ ഒരു പ്രത്യേകത ഉണ്ടായി. സ്ക്കൂളില്‍ സ്പോര്‍ട്സ് മത്സരം നടക്കാന്‍ പോകുന്നു. കുറെ മിടുക്കന്മാര്‍ അതിലൊക്കെ ഒരു കൈനോക്കാന്‍ പേരുനല്‍കി. എന്നാല്‍ എനിക്കതിലൊന്നും ഒരു താല്‍പര്യവും തോന്നിയിരുന്നില്ല. അമ്മക്കാണെങ്കില്‍ എന്നെയും പങ്കെടുപ്പിച്ചേ മതിയാവൂ എന്നായി. കായിക ഇനങ്ങളില്‍ ആദ്യം നൂറ് മീറ്റര്‍ ഓട്ടമത്സരമായിരുന്നു. സ്കൂള്‍ മുറ്റം തന്നെയായിരുന്നു അങ്കത്തട്ട്. മത്സരം തുടങ്ങുന്നതിനു മുന്‍പ് അമ്മ എന്നോട് ചോദിച്ചു നിനക്കും കൂടി പങ്കെടുത്തുകൂടെ എന്ന്. പക്ഷെ എനിക്ക് പറ്റില്ലെന്ന് ഞാനും പറഞ്ഞു. അക്കാലത്ത് അവിടെ ഗീത എന്നൊരു ടീച്ചര്‍ ഉണ്ടായിരുന്നു. എന്നെ മലയാളം പഠിപ്പിക്കുന്ന ടീച്ചര്‍. ഞാന്‍ കൂടി മത്സരത്തില്‍ പങ്കെടുക്കണമെന്ന് അവരും വാശി പിടിച്ചു. ഒടുവില്‍ മുഴുവന്‍ ടീച്ചര്‍മാരും നിര്‍ബന്ധിപ്പിച്ചപ്പോള്‍ ഞാന്‍ വഴങ്ങി.



ആമയുടെയും
മുയലിന്റെയും ഓട്ടമത്സരത്തിന്റെ കഥ കേട്ടിട്ടുണ്ടന്നല്ലാതെ അന്നുവരെ ഒരു ഓട്ടമത്സരവും ഞാന്‍ കണ്ടിട്ടില്ലായിരുന്നു. സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ നിന്നും 100 മീറ്റര്‍ അകലെ ഒരു മതിലുണ്ട്. മതിലില്‍ ഓടി ചെന്ന് തൊട്ടിട്ട് തിരിച്ചോടി ആദ്യം സ്റ്റാര്‍ട്ടിംഗ്പോയിന്റില്‍ എത്തുന്ന ആളാണ്‌ വിജയി. നിബന്ധനകളൊക്കെ ടീച്ചര്‍മാര്‍ കുട്ടികളോട് വിവരിച്ചുകൊടുത്തു. അങ്ങനെ അഞ്ചു പേരില്‍ മൂന്നാമനായി ഞാനും സ്റ്റാര്‍ട്ടിംഗ്പോയിന്റില്‍ നിലയുറപ്പിച്ചു. അടുത്ത ഒരു വിസിലോടുകൂടി മത്സരം ആരംഭിക്കുമെന്ന് അറിയിച്ചു. one, two, three, start... വിസിലടിച്ചു. ഓട്ടം തുടങ്ങി. അപ്പ്, അപ്പ്, അപ്പ്... കാണികള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. പിന്നീടല്ലേ രസം. ഞാന്‍ ഓടി പകുതി ആയപ്പോഴേക്കും കൂടെ ഓടിയവര്‍ അതാ മതിലില്‍ തൊട്ടു തിരിച്ചു വരുന്നു. മത്സരത്തില്‍ ജയത്തിനല്ലേ പ്രാധാന്യം. മതില്‍ ഞാന്‍ ഉപേക്ഷിച്ചു. ആദ്യം
സ്റ്റാര്‍ട്ടിംഗ്പോയിന്റില്‍ എത്താന്‍ വേണ്ടി ഞാന്‍ തിരിഞ്ഞോടി. കണ്ടു നിന്നവര്‍ ആദ്യമൊന്ന് അമ്പരന്നു. പിന്നെ കൂട്ടച്ചിരിയായി. പക്ഷെ ക്ലൈമാക്സിലും അട്ടിമറി സംഭവിച്ചു. സെക്കണ്ടുകള്‍ക്കുള്ളില്‍ മറ്റുള്ളവര്‍ തന്നെ ഒന്നൊന്നായി സ്റ്റാര്‍ട്ടിംഗ്പോയിന്റില്‍ എത്തി. ഞാന്‍ അപ്പോഴും പാതി വഴിയിലായിരുന്നു.



കഴിഞ്ഞത് കഴിഞ്ഞു. ഇനി കാവിലെ പാട്ടുമത്സരത്തിന് കാണാം എന്ന് മനസ്സിലുറപ്പിച്ചുകൊണ്ട് അവിടെ നിന്നും മടങ്ങി. പിന്നെ എന്റെ ജീവിതത്തിലിന്നുവരെ ഒരു ഓട്ടമത്സരത്തിലും ഞാന്‍ പങ്കെടുത്തിട്ടില്ല.

2 അഭിപ്രായങ്ങൾ: